അബുദാബി: യുഎഇയിൽ രാജ്യത്തിനകത്ത് നടന്ന സൈനിക പരിശീലന ദൗത്യത്തിനിടെ രണ്ട് യുഎഇ സായുധ സേനാ ഉദ്യോഗസ്ഥർ വീരമൃത്യു വരിച്ചതായി പ്രതിരോധ മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു.
മേജർ അബ്ദുല്ല ഷാമിസ് അൽ മെൻഹാലി, ഓഫീസർ കാൻഡിഡേറ്റ് സഈദ് അബ്ദുല്ല അൽ ശംസി എന്നിവരാണ് രാജ്യസേവനത്തിനിടെ ജീവൻ ത്യാഗം ചെയ്തതെന്ന് മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. രാജ്യത്തിനകത്ത് നടന്ന പരിശീലന ദൗത്യത്തിനിടെയാണ് ഇരുവരും അപകടത്തിൽപ്പെട്ടത്.
എന്നാൽ അപകടത്തിന്റെ കൂടുതൽ വിവരങ്ങളോ സാഹചര്യങ്ങളോ മന്ത്രാലയം പുറത്തുവിട്ടിട്ടില്ല.
ധീര സൈനികരുടെ വിയോഗത്തിൽ പ്രതിരോധ മന്ത്രാലയം അഗാധമായ ദുഃഖം രേഖപ്പെടുത്തി. ജീവൻ ബലിയർപ്പിച്ച ധീരർക്ക് സർവ്വശക്തനായ അല്ലാഹുവിന്റെ കാരുണ്യവും ശാന്തിയും ലഭിക്കട്ടെയെന്നും, വേർപാടിൽ തകർന്ന കുടുംബാംഗങ്ങൾക്ക് ഈ വലിയ നഷ്ടം താങ്ങാനുള്ള കരുത്തും ക്ഷമയും ഉണ്ടാവട്ടെയെന്നും മന്ത്രാലയം അനുശോചന സന്ദേശത്തിൽ പ്രാർത്ഥിച്ചു. സേനാംഗങ്ങളുടെ കുടുംബങ്ങൾക്ക് മന്ത്രാലയം പൂർണ്ണ പിന്തുണയും അനുശോചനവും അറിയിച്ചു.